പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയാത്തതിനെ, നിലവിലുള്ള അറിവുകള്‍ വച്ചുകൊണ്ടു അളക്കാന്‍ തുനിയുകയും അതിലൂടെ ഉപരിതലസ്പര്‍ശിയായ നിഗമനങ്ങളിലെത്തുകയും ചെയ്യുന്ന അവസ്ഥ "പണ്ടു അന്ധന്മാര്‍ ആനയെവിലയിരുത്തിയ കഥയെഓര്‍മ്മപ്പെടുത്തും" .അസ്പഷ്ടമായ ധാരണകളിലൂടെയോ ,അംശങ്ങളെ വിശകലനം ചെയ്യുന്നതിലൂടെയോ വാര്‍ത്തെടുക്കുന്ന നിഗമനങ്ങളും ,അഭിപ്രായങ്ങളും സത്യവുമായി പുലബന്ധം പോലും പുലര്‍ത്തണമെന്നില്ല .ഞാന്‍ പറഞ്ഞുവരുന്നത് മേല്‍പ്പറഞ്ഞ സമ്പ്രദായദോഷം ജ്യോതിഷത്തെപ്പറ്റി മാനവരാശി വിവിധതുറകളില്‍ രൂപവല്‍ക്കരിക്കുന്ന ധാരണകളെ ഗണ്യമായി ബാധിക്കുകയും ഉദാത്തതലങ്ങളില്‍ വ്യാപരിക്കുന്ന ആ ശാസ്ത്രശാഖയുടെ വിനിയോഗതലങ്ങളെ പലപ്പോളും വികലമാക്കുകയും ചെയ്യുന്നു . ഒരുകൂട്ടര്‍ എന്തൊക്കെയോ മനസ്സിലാക്കി അതോടൊപ്പം സ്വന്തം ഭാവനയില്‍ നിന്ന് കുറെ അന്ധവിശ്വാസങ്ങളും കലര്‍ത്തി ഒരുതരം മതിഭ്രമങ്ങളില്‍ പെടുന്നു.മറ്റൊരുവിഭാഗം ,തങ്ങള്‍ക്കു മനസ്സിലാകാത്തതും,അളന്നോ തൂക്കിയോ മനസ്സിലാക്കാനാകാത്തതും എന്നറിഞ്ഞു നിഷേധത്തിന്‍റെയും , നിരാസത്തിന്‍റെയും ബാഹ്യപ്രകടനങ്ങളോടെയും ഉള്ളില്‍ ഒരുതരം ജിജ്ഞാസയും, ആകാംക്ഷയും പുലര്‍ത്തിപ്പോരുന്നു. ആനുപാതികമായി പറഞ്ഞാല്‍ ഒരു ന്യൂനപക്ഷം മാത്രം ഇത് അധ്യാത്മമായ ഒരു ശാസ്ത്രമാണെന്ന തിരിച്ചറിവോടെയും ,തികഞ്ഞ ജാഗ്രതയോടെയും , ഈ ശാസ്ത്രശാഖയെ സ്വജീവിതത്തില്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നു.ജന്മാന്തരമായ പുണ്യമാകാം ഹേതു.ഇതിലേക്കു ആവശ്യമാകുന്ന പ്രധാനസംഗതി ,അധ്യാത്മസ്വഭാവമുള്ള എല്ലാ ശാസ്ത്രശാഖകളും മനുഷ്യനന്മയെ ലാക്കാക്കി പ്രപഞ്ചനിയാമകശക്തിയുടെ പ്രേരണയാല്‍ ഋഷീശ്വരന്മാര്‍ എന്ന മധ്യവര്‍ത്തികളിലൂടെ അല്ലെങ്കില്‍ പ്രവാചകന്മാരിലൂടെ നമുക്ക് ലഭിച്ചവയാണ് എന്നാ തിരിച്ചറിവ് ആണ് . ജീവശക്തിയെ പ്രതിപാദിക്കുന്ന എല്ലാ അഭിപ്രായങ്ങളും (മതങ്ങളും),സംഹിതകളും,പ്രമാണങ്ങളും എന്തിനധികം പ്രത്യയശാസ്ത്രങ്ങളും ഇവ്വിധം ഓരോ പരമ്പരെയെയാണ് സൃഷ്ടിച്ചിട്ടുള്ളത് .ഓരോന്നും അതാതിന്‍റെ നിലയില്‍ ശുദ്ധവും ,സ്നിഗ്ധവും,ഗുരുത്വമുള്ളതുമാണ് .എന്നിട്ടെന്തേ സമൂഹനിലനില്പിനെ സാധൂകരിക്കും വിധം ധാര്‍മികമായ വളര്‍ച്ച വെറുമൊരു മരീചികയായി തീരുന്നത് ?.ജനായത്തസമ്പ്രദായങ്ങളുടെ അതിപ്രസരവും ,പ്രമാണമൂല്യങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് ജനകീയകൂട്ടായ്മകള്‍ ആയി രൂപപ്പെടുന്ന ശക്തിദുര്‍ഗങ്ങളും , അവ പരസ്പരം ദിശാബോധമില്ലാതെ നടത്തുന്ന മത്സരങ്ങളും,സിദ്ധാന്തങ്ങളെ മാത്രമല്ല അതിന്‍റെ പ്രണേതാക്കളെയും ,പ്രയോക്താക്കളെയും അമ്പരപ്പിക്കുക തന്നെ ചെയ്യും.ഈ വക മത്സരങ്ങളില്‍ ഏവരും പ്രമാണങ്ങളെ സ്വാംശീകരിക്കാന്‍ മെനക്കെടാതെ ആയുധമാക്കാനുള്ള ആവേശമാണ് കാണിക്കുന്നത് ഒരു അഭിപ്രായത്തിന്‍റെ മേല്‍ മറ്റൊരു അഭിപ്രായത്തിന്‍റെവിജയം നേടാന്‍ മത്സരിച്ചു അഭിപ്രായങ്ങള്‍ തമ്മിലിടഞ്ഞു നശിക്കുന്നു.രണ്ടഭിപ്രയങ്ങളിലും നിലനില്‍ക്കുന്ന സര്‍ഗാത്മകമായ വൈഭവത്തെയാണ് ഇരുവരും സമൂഹത്തിനു മുമ്പില്‍ പാഴാക്കുന്നത്.ചാതുര്‍വര്‍ണ്യ ധര്‍മങ്ങളില്‍ വൈശ്യവൃത്തിക്ക് മാത്രം നിറപ്പകിട്ട് നല്‍കുന്ന ഇന്നത്തെ സമൂഹത്തില്‍ എല്ലാമറിയുന്ന ഈശ്വരലീലകള്‍ തുടരുക തന്നെയാണ്. അവിടെ ജയാപജയങ്ങലില്ല .ഒന്ന് ചിന്തിച്ചാല്‍ മതി ആ ലീലാരഹസ്യം പകല്‍ പോലെ വ്യക്തം.പ്രകൃതിദത്തമായ സ്വര്‍ണത്തിലൂടെയും,എണ്ണയിലൂടെയും (ക്രുദ് ഓയില്‍) ആ സര്‍വേശ്വരന്‍ തന്നെയല്ലേ ലോകസമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്?ഈ കേവല ഉദാഹരണം ഈശ്വരലീലയെ ധ്വനിപ്പിക്കുമെങ്കില്‍, ശതകോടിലീലകളാല്‍ ആണ് അവിടുന്ന് പ്രപഞ്ചത്തെ ഭ്രമിപ്പികുന്നത്.വരാഹമിഹിരന്‍ മുതലായ അചാര്യമ്മാരിലൂടെ സമൂഹത്തില്‍ ലഭിച്ച ജ്യോതിഷവും കാലദേശങ്ങള്‍ക്ക് പരിധി കല്‍പ്പിക്കാനാകാത്ത ജ്ഞാനധാരയാണെന്നു മനസ്സിലാക്കാം.
No comments:
Post a Comment